BREAKING NEWS


114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ അനുമതി;ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ

By sanjaynambiar
rafale 1757886894765 3228961b d5a6 4f02 bfa4 0dbe4838e210 900x490 1

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന് ഇന്ത്യ അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) യോഗമാണ് നിർദേശത്തിന് അംഗീകാരം നൽകിയത്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ വരാനിരിക്കുന്ന ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് തീരുമാനം.

നിർദേശപ്രകാരം 18 വിമാനങ്ങൾ ഫ്രാൻസിലെ ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് നേരിട്ട് വാങ്ങുകയും ശേഷിക്കുന്ന 96 ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുകയും ചെയ്യും. സാങ്കേതികവിദ്യ കൈമാറ്റവും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയെ ശക്തിപ്പെടുത്തുന്നതുമാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയുടെ അന്തിമ അംഗീകാരവും ആവശ്യമാണ്.

സംഘർഷ സാധ്യതയുള്ള മേഖലകളിൽ വ്യോമ ആധിപത്യം ഉറപ്പാക്കുകയും ദീർഘദൂര ആക്രമണ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ സേനയുടെ പ്രതിരോധ ശേഷി ഗണ്യമായി ശക്തിപ്പെടുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എംആർഎഫ്എ പദ്ധതിയുടെ ഭാഗമായി ഭൂരിഭാഗം വിമാനങ്ങളും ആഭ്യന്തരമായി നിർമ്മിക്കാനാണ് തീരുമാനം.

ഇടപാട് പൂർത്തിയായാൽ ഇന്ത്യയുടെ കൈവശമുള്ള റാഫേൽ വിമാനങ്ങളുടെ എണ്ണം 150 ആയി ഉയരും. കൂടാതെ, 63,000 കോടി രൂപയുടെ മറ്റൊരു കരാറിലൂടെ ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ എം വകഭേദങ്ങളും സ്വന്തമാക്കും. വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയിൽ നിന്നായിരിക്കും ഇവ പ്രവർത്തിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *