BREAKING NEWS


“സഞ്ജു പുറത്ത്, ഗിൽ ഇൻ”: ആ തീരുമാനം തിരിച്ചടിയോ? ഫോം കണ്ടെത്താതെ ഇന്ത്യൻ ബാറ്റിംഗ് ആശങ്കയിൽ; സൂര്യകുമാറും നിറം മങ്ങി

By sanjaynambiar
plkuy

വിജയത്തിൻ്റെ ആരവങ്ങൾ അടങ്ങാതെ ഇന്ത്യൻ ഡ്രസ്സിങ് റൂമും, കനത്ത തോൽവിയുടെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ ദക്ഷിണാഫ്രിക്കൻ നിരയും. കട്ടക്കിലെ വമ്പൻ വിജയത്തിൻ്റെ ആവേശച്ചൂടോടെ ടീം ഇന്ത്യ ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുകയാണ്. പുരുഷ ക്രിക്കറ്റിലെ രാജ്യാന്തര മത്സരങ്ങൾക്ക് ആദ്യമായി വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലൻപൂർ സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കളി തുടങ്ങുക. (സ്‌റ്റാർ സ്പോർട്‌സിലും ജിയോ സിനിമയിലും തത്സമയം കാണാം.)

​ചൊവ്വാഴ്ചത്തെ ആദ്യ മത്സരം കഴിഞ്ഞശേഷം ഇന്നലെ മുല്ലൻപൂരിലെത്തിയ ഇരു ടീമുകളും പരിശീലനത്തിന് ഇറങ്ങിയില്ല.
​ഇന്ത്യയുടെ ആശങ്കകൾ: ഗില്ലും സൂര്യയും ഫോമിലാകുമോ?
​ഉജ്വലമായ വിജയം നേടിയെങ്കിലും ചില ആശങ്കകളുമായാണ് ഇന്ത്യൻ ടീം മുല്ലൻപൂരിലേക്ക് എത്തിയിരിക്കുന്നത്. പ്രധാനമായും, വൈസ് ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബാറ്റിങ്ങിൽ ഫോമിലാകാത്തതാണ് ടീമിനെ കുഴയ്ക്കുന്നത്.

​ട്വന്റി20യിൽ ഓപ്പണറായി 3 സെഞ്ചുറികൾ നേടിയ സഞ്ജു സാംസണെ ഒഴിവാക്കിയാണ് ഗില്ലിന് തുടർച്ചയായി ഈ സ്ഥാനത്ത് അവസരം നൽകുന്നത്. ആദ്യ ട്വന്റി20-യിൽ വെറും നാല് റൺസെടുത്ത് ഗിൽ നിരാശപ്പെടുത്തിയത് ടീം മാനേജ്‌മെൻ്റിന് വീണ്ടും തലവേദനയായി. ഇന്നും താളം കണ്ടെത്താനായില്ലെങ്കിൽ ഗില്ലിനെതിരായ വിമർശനങ്ങളുടെ ശക്തി വർധിക്കും.

​കഴിഞ്ഞ 21 ഇന്നിങ്‌സുകളിൽ ഒരു അർധ സെഞ്ചുറി പോലും നേടാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും താൻ ടീമിന് ഒരു ബാധ്യതയല്ലെന്ന് തെളിയിക്കാൻ ഇന്ന് ഒരു മികച്ച ഇന്നിങ്‌സ് കളിച്ചേ മതിയാകൂ.
​ഹാർദിക്കിലാണ് പ്രതീക്ഷ
​എന്നാൽ, ട്വന്റി20 ടീമിലേക്ക് ഉജ്വലമായ തിരിച്ചുവരവ് നടത്തിയ ഹാർദിക് പാണ്ഡ്യയുടെ ഫോം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. കട്ടക്കിൽ 78 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ, 28 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്ന ഹാർദിക്കാണ് രക്ഷപ്പെടുത്തിയത്. അതിൽ 80% റൺസും ബൗണ്ടറികളിലൂടെയാണ് അദ്ദേഹം നേടിയത്.
​കൂടാതെ, ദക്ഷിണാഫ്രിക്കയെ വെറും 74 റൺസിൽ ഒതുക്കിയ ഇന്ത്യൻ ബൗളിംഗ് നിരയെക്കുറിച്ചും ടീമിന് ഒരു ആശങ്കയുമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *