പത്തനംതിട്ട: ശബരിമല ദ്വാരപാലക വിഗ്രഹത്തിലെ സ്വർണ്ണ മോഷണക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജിയിൽ കോടതിയിൽ വാദം പൂർത്തിയായി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.
കുറ്റപത്രം വൈകുന്നു: കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിച്ചിട്ടില്ല.നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ നിയമപരമായ ജാമ്യത്തിന് (Statutory Bail) തനിക്ക് അവകാശമുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുത്.
കോടതി ജാമ്യം നൽകാൻ തീരുമാനിക്കുകയാണെങ്കിൽ തന്നെ അതീവ കർശനമായ ഉപാധികൾ വെക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിൽ കൂടി പ്രതി നിലവിൽ റിമാൻഡിലാണ്. ഈ രണ്ടാമത്തെ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ പ്രതിക്ക് പുറത്തിറങ്ങാൻ സാധിക്കൂ.
ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഇഡി അന്വേഷണവും റെയ്‌ഡും തുടരുന്ന സാഹചര്യത്തിൽ ഈ വിധി ഏറെ നിർണ്ണായകമാണ്.
