നാദാപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോഴിക്കോട് വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷമാകുന്നു. യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തതോടെയാണ് നേതൃത്വത്തിനെതിരെ ഒരുവിഭാഗം പ്രവർത്തകർ രംഗത്തിറങ്ങിയത്.
ഞായറാഴ്ച രാത്രി എട്ടരയോടെ നൂറിലേറെ വരുന്ന പ്രവർത്തകർ ഭൂമിവാതുക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് പഞ്ചായത്ത് ലീഗ് ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ഓഫീസ് പൂട്ടുകയും ചെയ്തു.
ആവശ്യം: പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടണമെന്നും പരാജയത്തിന് കാരണക്കാരായ നേതൃത്വം രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.കഴിഞ്ഞ കുറച്ചു കാലമായി വാണിമേലിൽ ലീഗിനുള്ളിൽ നിലനിന്നിരുന്ന വിഭാഗീയതയാണ് തെരഞ്ഞെടുപ്പ് പരാജയത്തോടെ പരസ്യമായ പോർവിളിയായി മാറിയത്.
ലീഗിന് വലിയ സ്വാധീനമുള്ള വാണിമേൽ പഞ്ചായത്തിൽ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി അട്ടിമറി വിജയമാണ് നേടിയത്. തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയയിലും തെരുവിലും പ്രവർത്തകർ തമ്മിൽ തർക്കങ്ങളും കൈയാങ്കളിയും പതിവായിരുന്നു. മണ്ഡലം നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് വീണ്ടും തെരുവിലിറങ്ങിയതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

