കൊച്ചി: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസർ അറിയിച്ചു. അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നാണ് അവകാശവാദം. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.

നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. മത്സരത്തിനായി കേരളത്തിലെ വേദി സജജമായിട്ടില്ലെന്ന അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് നവംബറിലെ സൗഹൃദപ്പോര് മാറ്റിവയ്ക്കുന്നതെന്നാണ് സൂചനകള്‍. അതേസമയം മാര്‍ച്ചില്‍ മെസിയും അര്‍ജന്റീന ടീമും വരുമെന്നും സ്‌പോണ്‍സര്‍ വിശദീകരിക്കുന്നുണ്ട്. ഇതിന് മുമ്പ് 2011 സെപ്റ്റംബറിലാണ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി സൗഹൃദ മത്സരം കളിച്ചത്. അന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. അര്‍ജന്റീന നായകനായി മെസിയുടെ അരങ്ങേറ്റ മത്സരവുമായിരുന്നു അത്.
