ന്യൂഡൽഹി: ലഡാക്ക് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ സ്റ്റാറ്റസോ നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി നടത്തിയ ചർച്ചയിലാണ് നിലപാട് അറിയിച്ചത്. സംസ്ഥാന പദവിക്ക് പകരം ടെറിട്ടോറിയൽ കൗൺസിൽ സംവിധാനം രൂപീകരിക്കാനാണ് തീരുമാനം.ഈ സംവിധാനപ്രകാരം ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ (എൽഎഎച്ച്ഡിസി) ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിയമിക്കുമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക ഭരണഘടനാപരമായ അധികാരങ്ങൾ ഒന്നും ലഭിക്കില്ല.

കേന്ദ്രത്തിന്റെ നിർദ്ദേശം എൽഎബിയും കെഡിഎയും തള്ളിക്കളഞ്ഞു. ഇത് വെറും പ്രഹസനമാണെന്നാണ് അവരുടെ പ്രതികരണം. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്.സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ ഉൾപ്പെടുത്തൽ, പരിസ്ഥിതി സംരക്ഷണം, ഗോത്രജനതയുടെ സംസ്കാര സംരക്ഷണം, കൂടാതെ പ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കൽ, ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം എന്നിവയാണ് ലഡാക്കിലെ സംഘടനകളുടെ പ്രധാന ആവശ്യങ്ങൾ. എന്നാൽ ഇവയിൽ ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
