വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടാൻ അമേരിക്കയുടെ ‘ഡെൽറ്റ ഫോഴ്സ്’ നടത്തിയ നീക്കത്തിനിടയിൽ ഇരുവർക്കും പരിക്കേറ്റതായി വെളിപ്പെടുത്തൽ. തിങ്കളാഴ്ച യുഎസ് നിയമനിർമ്മാതാക്കൾക്ക് മുന്നിൽ ഹാജരായ ഉന്നത ഉദ്യോഗസ്ഥരാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
യുഎസ് സൈന്യം കോമ്പൗണ്ടിനുള്ളിൽ കടന്നപ്പോൾ മഡുറോയും ഭാര്യയും രക്ഷപ്പെടാനായി ഒരു സ്റ്റീൽ വാതിലിന് പിന്നിൽ ഒളിക്കാൻ ശ്രമിച്ചു. എന്നാൽ വാതിലിന്റെ ഫ്രെയിം താഴ്ന്നതായിരുന്നു. തിടുക്കത്തിൽ ഇതിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഇരുവരുടെയും തല ഫ്രെയിമിലിടിച്ച് പരിക്കേൽക്കുകയായിരുന്നു. മഡുറോയ്ക്ക് വാരിയെല്ലിന് ഒടിവോ മറ്റ് ഗുരുതര പരിക്കുകളോ സംഭവിച്ചതായും സംശയിക്കുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ മഡുറോയ്ക്ക് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളതായും ഫ്ലോറസിന്റെ തലയിൽ ബാൻഡേജ് ഉള്ളതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മഡുറോയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ക്യൂബൻ പ്രതിരോധ സേനയുമായി യുഎസ് ഡെൽറ്റ ഫോഴ്സ് കനത്ത ഏറ്റുമുട്ടൽ നടത്തി. ഏറ്റുമുട്ടലിൽ 32 സൈനികർ കൊല്ലപ്പെട്ടതായി ക്യൂബൻ സർക്കാർ സ്ഥിരീകരിച്ചു. വെനസ്വേലൻ സൈനികരേക്കാൾ കൂടുതൽ ക്യൂബൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഏകദേശം 200 യുഎസ് ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ചില അമേരിക്കൻ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
ഈ സൈനിക നീക്കം വെനസ്വേലയിൽ ഒരു ‘ഭരണമാറ്റം’ ലക്ഷ്യമിട്ടുള്ളതല്ലെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.സർക്കാർ നിലനിൽക്കുന്നു: വെനസ്വേലയിൽ ഇപ്പോഴും പഴയ സർക്കാർ തന്നെയാണ് അധികാരത്തിലുള്ളത്. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗസുമായി സഹകരിക്കാൻ സാധിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ നേതാവ് മരിയ കൊറി മച്ചാഡോയ്ക്ക് വെനസ്വേലൻ സൈന്യത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം.
