ജയ്പൂർ: സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് എത്താൻ ഉദ്യോഗസ്ഥരുടെ അലംഭാവം തടസ്സമാകുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇതിന് വേറിട്ടൊരു പരിഹാരമാർഗ്ഗം കണ്ടെത്തി കൈയടി നേടുകയാണ് രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലാ കളക്ടർ അരുൺ കുമാർ ഹസിജ. ജില്ലയിലെ ദരിദ്ര വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എൻറോൾമെന്റ് പൂർത്തിയാക്കുന്നത് വരെ താൻ ജനുവരി മാസത്തെ ശമ്പളം വാങ്ങില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നതിന് പകരം അവരെ വൈകാരികമായി പ്രചോദിപ്പിക്കാനാണ് താൻ ഈ വഴി തിരഞ്ഞെടുത്തതെന്ന് കളക്ടർ പറയുന്നു.അനുഭവം പാഠമാകണം: “ശമ്പളം പത്തു ദിവസം വൈകിയാൽ ഉദ്യോഗസ്ഥരുടെ ജീവിതചക്രം താളംതെറ്റും. മാസത്തിൽ വെറും 1,500 രൂപ മാത്രം ലഭിക്കുന്ന പാവപ്പെട്ടവർക്ക് മൂന്ന് മാസം തുക വൈകിയാൽ അവർ എന്തുചെയ്യും? ആ ബുദ്ധിമുട്ട് ഉദ്യോഗസ്ഥർ മനസ്സിലാക്കണം,”- അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു.
നിർണ്ണായക പദ്ധതികൾ: സൗജന്യ റേഷൻ (NFSA), അനാഥരായ കുട്ടികൾക്കുള്ള ‘പാലൻഹാർ യോജന’, സാമൂഹിക സുരക്ഷാ പെൻഷൻ എന്നീ മൂന്ന് വിഭാഗങ്ങളിൽപ്പെട്ട മുപ്പതിനായിരത്തോളം പേർക്ക് ആനുകൂല്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
കളക്ടറുടെ ഈ വേറിട്ട നീക്കം ഫലം കണ്ടുതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെറും 48 മണിക്കൂറിനുള്ളിൽ 1,90,440 സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 88 ശതമാനം പേരെയും പട്ടികയിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർക്കായി.ജനുവരി 31-നകം ജില്ലയിലെ എല്ലാ പരിശോധനകളും പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ കളക്ടർക്ക് ഉറപ്പുനൽകി.തന്റെ ഈ പ്രതിജ്ഞ മറ്റാർക്കും മേലും അടിച്ചേൽപ്പിക്കില്ലെന്നും, ജോലി കൃത്യസമയത്ത് തീർക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അരുൺ കുമാർ ഹസിജ കൂട്ടിച്ചേർത്തു.
