BREAKING NEWS


പത്ത് ദിവസത്തെ എം.എൽ.എ; ആര്യാടന് വേണ്ടി സീറ്റ് ഒഴിഞ്ഞ സി. ഹരിദാസ്

By sanjaynambiar
ponnani

പൊന്നാനി: കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ, ചരിത്രത്തിന്റെ ഭാഗമായ ഒരു പഴയ കോൺഗ്രസ് നേതാവിനെ ഓർക്കാതെ രാഷ്ട്രീയ വിശേഷങ്ങൾ പൂർണ്ണമാകില്ല. നിലമ്പൂരിന്റെ അമരക്കാരനായിരുന്ന ആര്യാടൻ മുഹമ്മദിന് വേണ്ടി തന്റെ എം.എൽ.എ പദവി രാജിവെച്ച സി. ഹരിദാസാണ് ആ നേതാവ്. 81-ാം വയസ്സിലും രാഷ്ട്രീയത്തിലെ പുതിയ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആവേശം അദ്ദേഹത്തിനുണ്ട്.

​1980-ലെ തിരഞ്ഞെടുപ്പ്: അടിയന്തരാവസ്ഥയ്ക്ക് ശേഷം എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിഭാഗം ഇടതുപക്ഷത്തിനൊപ്പം നിന്ന കാലമായിരുന്നു അത്. മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ഹരിദാസിനെ ആര്യാടൻ മുഹമ്മദ് നിർബന്ധിച്ചാണ് നിലമ്പൂരിൽ മത്സരിപ്പിച്ചത്.അന്ന് കോൺഗ്രസിലായിരുന്ന ടി.കെ. ഹംസയെ 6,423 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഹരിദാസ് നിയമസഭയിലെത്തി. ഇ.എം.എസ് നമ്പൂതിരിപ്പാടാണ് അന്ന് ഹരിദാസിനെ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിച്ചത്.പൊന്നാനിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ആര്യാടൻ മുഹമ്മദ് പരാജയപ്പെട്ടെങ്കിലും ഇ.കെ. നായനാർ മന്ത്രിസഭയിൽ അംഗമായി. മന്ത്രിസ്ഥാനം നിലനിർത്താൻ ആര്യാടന് നിയമസഭാംഗമാകണമായിരുന്നു. ഇതിനായി വെറും പത്ത് ദിവസം മാത്രം എം.എൽ.എയായിരുന്ന ഹരിദാസ് സന്തോഷത്തോടെ രാജിവെച്ചു.

​ഇന്നത്തെ ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ഹരിദാസിന് കൃത്യമായ നിലപാടുകളുണ്ട്.
​സി.പി.എമ്മിന്റെ തകർച്ച: പഴയകാല കമ്മ്യൂണിസ്റ്റുകാർ ആദർശശാലികളായിരുന്നുവെന്നും ഇന്ന് അത്തരക്കാർ ഇല്ലാത്തതാണ് കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.ബി.ജെ.പി മുന്നേറ്റം: മലബാറിലെ സി.പി.എം കോട്ടകളിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുന്നത് ഇടതുപക്ഷത്തെ വിറളിപിടിപ്പിക്കുന്നുണ്ടെന്നും ഇതിനെ നേരിടാൻ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം അപകടത്തിലാകുമ്പോൾ രക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ. അതിനാൽ കടന്നപ്പള്ളിയും ശശീന്ദ്രനും ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക് മടങ്ങിവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

1967-ൽ തൃത്താലയിൽ കെ. കുഞ്ഞമ്പു തോറ്റപ്പോൾ തന്നെ ലക്ഷ്യം വെച്ച് കമ്മ്യൂണിസ്റ്റുകാർ പാടിയ മുദ്രാവാക്യം ഇന്നും ഹരിദാസിന്റെ കാതുകളിലുണ്ട്: “ചുകന്ന ചുണ്ടാ ചുരുളൻമുടിയാ, ഗുണ്ടാത്തലവാ ഹരിദാസേ… നിന്നെ ഞങ്ങൾ കണ്ടോളാം…”. ഗാന്ധിയനായ തന്നെ ‘ഗുണ്ടാത്തലവൻ’ എന്ന് വിളിച്ചതിൽ മാത്രമാണ് അദ്ദേഹത്തിന് ഇന്നും വിയോജിപ്പുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *