
വാഷിംങ്ടൺ: ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ കാര്യം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്. ഏഷ്യാ പസഫിക് എക്കണോമിക്സ് കേ ഓപ്പറേഷൻ ഉച്ചകോടിയിൽ ഷി-ജിൻ പിങുമായി നടത്താനിരുന്ന കൂടിക്കാഴ്ചയിൽ നിന്നും പിന്മാറുമെന്നും ട്രംപ് ഭീഷണി ഉയർത്തി.
ബീജിംഗുമായി ബന്ധപ്പെട്ട് ചൈന നടത്തിയ അസാധാരണമായ ആക്രമണസ്വഭാവമുള്ള നീക്കങ്ങൾക്ക് മറുപടിയാണ് ഈ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. “ചൈന ഇത്തരമൊരു നടപടി സ്വീകരിക്കുമായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല, പക്ഷേ അവർ അങ്ങനെ ചെയ്തിട്ടുണ്ട്, ബാക്കിയുള്ളത് ചരിത്രമാണ്,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും ആളിക്കത്തിയതോടെ ഓഹരി വിപണികൾ ഇടിഞ്ഞു. നാസ്ദാക്ക് 3.6 ശതമാനവും എസ് ആന്‍റ് പി 500 2.7 ശതമാനവുമാണ് ഇടിഞ്ഞത്. നിലവിൽ ഫെന്‍റനൈൽ വ്യാപാരത്തിൽ ചൈന സഹായിക്കുന്നു, അന്യായ വ്യാപാര രീതികൾ എന്നിവ ആരോപിച്ച് ട്രംപ് ഏർപ്പെടുത്തിയ തീരുവ പ്രകാരം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം തീരുവയുണ്ട്. ചൈന യുഎസിന് ഏർപ്പെടുത്തിയ പകരം തീരുവ നിലവിൽ 10 ശതമാനമാണ്.
