പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബ തർക്കത്തെത്തുടർന്നുള്ള കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
മരിച്ചവർ:
കലാധരൻ (36)
ഉഷ (56) – കലാധരന്റെ മാതാവ്
ഹിമ (6) – കലാധരന്റെ മകൾ
കണ്ണൻ (2) – കലാധരന്റെ മകൻ

രാമന്തളി സെന്ററിൽ വടക്കുമ്പാട് റോഡിലെ കൊയിത്തട്ട താഴത്തെവീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും, കുഞ്ഞുങ്ങളെ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കലാധരനും ഭാര്യയും തമ്മിൽ കുടുംബക്കോടതിയിൽ കേസ് നിലവിലുണ്ടായിരുന്നു. കുട്ടികളെ ഭാര്യയ്‌ക്കൊപ്പം വിടാനായിരുന്നു കോടതി വിധി. കോടതി വിധിയനുസരിച്ച് കുട്ടികളെ ഇന്ന് (ചൊവ്വാഴ്ച) വിട്ടുകൊടുക്കണമെന്ന് പൊലീസ് കലാധരന്റെ പിതാവ് ഉണ്ണിക്കൃഷ്ണനോട് നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാത്രിയോടെ മരണം സംഭവിച്ചത്.
ഉഷയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണൻ ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്.
സിറ്റൗട്ടിൽ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പ് ഉണ്ണിക്കൃഷ്ണൻ സ്റ്റേഷനിൽ എത്തിച്ചതിനെത്തുടർന്ന് പൊലീസെത്തി വീട് തുറന്നപ്പോഴാണ് ദുരന്തം പുറംലോകമറിഞ്ഞത്.കണ്ണൂർ റൂറൽ എസ്.പി. അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.അപ്രതീക്ഷിതമായ ഈ ദുരന്തത്തിന്റെ ആഘാതത്തിലാണ് പയ്യന്നൂർ ഗ്രാമം.
