BREAKING NEWS


എംഎസ്‌സി എൽസ3 കപ്പൽദുരന്തം: മത്സ്യമേഖലയിൽ സൃഷ്ടിക്കുന്നത് ഗുരുതര പ്രത്യാഘാതം

By sanjaynambiar
Elsanew 1024x576 1

 

തിരുവനന്തപുരം: എംഎസ്‌സി എൽസ3 കപ്പൽദുരന്തം കേരളത്തിലെ മത്സ്യമേഖലയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ ഹ്രസ്വകാല റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അപകടസമയത്ത് മത്സ്യങ്ങളുടെ പ്രജനനകാലമായിരുന്നതിനാൽ മീൻമുട്ടകളിൽ ഗുരുതര വ്യതിയാനങ്ങൾ കണ്ടു. ചുരുങ്ങിയതും രൂപമാറ്റം സംഭവിച്ചതുമായ മീൻമുട്ടകൾ വിരിയുമ്പോൾ വൈകല്യമുള്ള മീനുകൾ രൂപപ്പെടുമെന്നതിനാൽ, പ്രത്യാഘാതം അടുത്ത വർഷത്തെ മത്സ്യബന്ധനത്തെയും ബാധിക്കുമെന്നാണ് കണ്ടെത്തൽ.

കപ്പലിൽ ഉണ്ടായിരുന്നത് സമുദ്രജീവികൾക്ക് അപകടകരമായ രാസ പദാർഥങ്ങളായിരുന്നു. 84 ടൺ മറൈൻ ഡീസൽ, 367 ടൺ സൾഫർ അടങ്ങിയ എണ്ണ, 60 കണ്ടെയ്നറുകളിലെ ചെറിയ പ്ലാസ്റ്റിക് പെല്ലറ്റുകൾ, 58 കണ്ടെയ്നറുകളിലെ കാൽസ്യം ഓക്സൈഡ് എന്നിവയാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന അപകടകാരികൾ. വെള്ളവുമായി പ്രതിപ്രവർത്തിച്ചപ്പോൾ ഇവ അസന്തുലിതാവസ്ഥക്കും മത്സ്യമുട്ടകളുടെ നാശത്തിനും കാരണമായെന്ന് പഠനം വ്യക്തമാക്കുന്നു.

പ്രത്യാഘാതങ്ങളെ നേരിടാൻ സമുദ്രോപരിതലത്തിലെ രാസ പരിശോധന പ്രതിമാസം നടത്തണമെന്നും, മത്സ്യ ഇനങ്ങളിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കണമെന്നും, മുട്ടകളും ലാർവകളും ഉൾപ്പെടുത്തി ലബോറട്ടറി പഠനം ശക്തിപ്പെടുത്തണമെന്നും കേരള ഫിഷറീസ് സർവകലാശാലയുടെ റിപ്പോർട്ട് നിർദേശിക്കുന്നു. കപ്പലപകടം സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് സമുദ്ര സുരക്ഷാ പ്രോട്ടോക്കോൾ ഉടൻ തയ്യാറാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *