BREAKING NEWS


ഇതിഹാസതാരം ട്രാക്കിലേക്ക് മടങ്ങുന്നു? മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി

By sanjaynambiar
micheal

ജനീവ: ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതിയെന്ന് റിപ്പോർട്ടുകൾ. നീണ്ട 12 വർഷത്തെ കിടപ്പിലായ ജീവിതത്തിന് ശേഷം, ഷൂമാക്കർ വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിച്ചു തുടങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കായിക ലോകം ‘മെഡിക്കൽ മിറാക്കിൾ’ എന്ന് വിശേഷിപ്പിക്കുന്ന മാറ്റമാണ് ഏഴ് തവണ ലോക ചാമ്പ്യനായ താരത്തിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്.

​യാദൃശ്ചികമായുണ്ടായ ഒരു മാറ്റമല്ലിതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഷൂമാക്കറുടെ ഭാര്യ കൊറീനയുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും സ്നേഹവുമാണ് ഈ മാറ്റത്തിന് പിന്നിൽ. സ്വിറ്റ്സർലൻഡിലെയും സ്പെയിനിലെയും വസതികളിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളാണ് അവർ ഒരുക്കിയത്. 24 മണിക്കൂറും സജ്ജമായ മെഡിക്കൽ സംഘം, ഫിസിയോതെറാപ്പിസ്റ്റുകൾ, നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള വിദഗ്ധ തെറാപ്പിസ്റ്റുകൾ എന്നിവരുടെ നിരന്തര പരിശ്രമം ഒടുവിൽ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.

സഹായത്തോടെ നിവർന്നിരിക്കാനും വീൽചെയർ ഉപയോഗിച്ച് വീട്ടിലുടനീളം സഞ്ചരിക്കാനും ഇപ്പോൾ ഷൂമാക്കറിന് സാധിക്കുന്നുണ്ട്.ചുറ്റുപാടുകളെക്കുറിച്ചുള്ള അവബോധം തിരിച്ചുകിട്ടിയതായും ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്യുന്നു.
​സ്വകാര്യത: ചികിത്സയുടെ ഒരു ഘട്ടത്തിലും താരത്തിന്റെ ചിത്രങ്ങളോ സ്വകാര്യ വിവരങ്ങളോ പുറത്തുപോകാതിരിക്കാൻ കൊറീന കാണിച്ച ജാഗ്രത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

​2013 ഡിസംബർ 29-നാണ് കായിക ലോകത്തെ കണ്ണീരിലാഴ്ത്തിയ ആ അപകടം സംഭവിച്ചത്. ഫ്രഞ്ച് ആൽപ്‌സിലെ മെറിബെൽ റിസോർട്ടിൽ മകനോടൊപ്പം സ്കീയിങ് നടത്തുന്നതിനിടെ ഷൂമാക്കർ പാറയിൽ തലയിടിച്ച് വീഴുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലച്ചോറിന് (Traumatic Brain Injury) ഗുരുതരമായി പരിക്കേറ്റു. മാസങ്ങളോളം നീണ്ട കോമയിൽ നിന്ന് 2014 ജൂണിലാണ് അദ്ദേഹം പുറത്തുവന്നത്. പിന്നീട് സുരക്ഷാ കാരണങ്ങളാൽ സ്വിറ്റ്സർലൻഡിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
​പ്രിയതാരത്തിന്റെ തിരിച്ചുവരവിനായുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥനകൾക്ക് ആവേശം പകരുന്നതാണ് പുതിയ വാർത്തകൾ. കൂടുതൽ മികച്ച ചികിത്സകളിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ സംഘവും കുടുംബവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *