BREAKING NEWS


ആർഎസ്എസ് മുഖവാരികയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് ദീപികയുടെ കടുത്ത മറുപടി

By sanjaynambiar
Deepika Kesari

 

കൊച്ചി: ക്രൈസ്തവരെ “രാജ്യദ്രോഹികൾ” എന്ന് വിശേഷിപ്പിച്ച ആർഎസ്എസ് മുഖവാരിക കേസരിയിലെ ലേഖനത്തിന് ദീപിക ദിനപത്രം ശക്തമായ പ്രതികരണവുമായി രംഗത്ത്. “ക്രൈസ്തവർക്കെതിരെ ആർഎസ്എസിന്റെ ആസൂത്രിത നീക്കം” എന്ന തലക്കെട്ടോടെ ഒന്നാം പേജിലെ പ്രധാനവാർത്തയിലും, വിമർശനാത്മകമായ മുഖപ്രസംഗത്തിലുമാണ് ദീപിക നിലപാട് വ്യക്തമാക്കിയത്.
ബിജെപി ക്രൈസ്തവസഭകളുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ്, ആർഎസ്എസ് മുഖപത്രത്തിലൂടെ നിരന്തരം ക്രൈസ്തവ വിരുദ്ധമായ ലേഖനങ്ങളും വാർത്തകളും പ്രസിദ്ധീകരിക്കുന്നത് എന്നതാണ് ദീപിക ചൂണ്ടിക്കാട്ടുന്നത്. കേസരിയിലെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്റെ ലേഖനം ക്രൈസ്തവർക്കെതിരെ അതികഠിനമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് ദീപിക പത്രം വിമർശിച്ചു.

കേരളത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ക്രൈസ്തവ വിരുദ്ധ വികാരം വളർത്താനുള്ള ആർഎസ്എസിന്റെ പദ്ധതിയാണ് ഇതിന് പിന്നിൽ. കേസരിയിലെ ലേഖനം ക്രൈസ്തവർ ഭരണഘടനയെ ചോദ്യംചെയ്യുന്നു, മതസ്പർദ്ധ വളർത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മിഷണറിമാർ ഭാഷയ്ക്കും സംസ്കാരത്തിനും നൽകിയ സംഭാവനകളെ പോലും വർഗീയ കണ്ണിലൂടെ വളച്ചൊടിച്ചാണ് കാണുന്നതെന്നും ദീപിക ചൂണ്ടിക്കാട്ടി. മതപരിവർത്തനത്തെക്കുറിച്ചുള്ള പരാമർശങ്ങളും ആർഎസ്എസിന്റെ നിഗൂഢ അജണ്ട വെളിപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള മതപരിവർത്തന നിരോധന നിയമങ്ങളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഇത്തരം വർഗീയ വിഷം നിറഞ്ഞ ലേഖനം പ്രസിദ്ധീകരിച്ച ആർഎസ്എസിന്റെ യഥാർത്ഥ മുഖം രാഷ്ട്രീയ നേതൃത്വത്തിന് തുറന്നു കാണിക്കാൻ തയ്യാറാകുമോ എന്ന ചോദ്യവും ദീപിക മുന്നോട്ടുവച്ചു. എന്നാൽ, കേസരിയിലെ ലേഖനവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നിട്ടും, കേരളത്തിലെ സഭാ നേതൃത്വങ്ങളിൽ നിന്ന് ഇതുവരെ പ്രതികരണം വന്നിട്ടില്ല. കത്തോലിക്കാ സഭകളുടെ പൊതുവേദിയായ കെസിബിസിയോ, കത്തോലിക്കേതര സഭകളുടെ കൂട്ടായ്മയായ കെസിസിയോ, വിവിധ പെന്തക്കോസ്ത് സഭകളോ വിഷയത്തിൽ മൗനം പാലിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *