അഡ്‌ലെയ്‌ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാംദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിൽ. സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരിയുടെയും അർധസെഞ്ചുറി നേടിയ ഉസ്‌മാൻ ഖവാജയുടെയും പ്രകടനമാണ് ഓസീസിന് കരുത്തായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ഓപ്പണർമാരെ വേഗത്തിൽ നഷ്ടമായി. ട്രാവിസ് ഹെഡ് (10), ജെയ്ക്ക് വെതറാൾഡ് (18) എന്നിവർ നിരാശപ്പെടുത്തി. നാലാമനായി ഇറങ്ങിയ ഉസ്‌മാൻ ഖവാജയാണ് പിന്നീട് ഇന്നിങ്സ് മുന്നോട്ട് നയിച്ചത്. മാർനസ് ലബുഷെയ്ൻ (19), കാമറൂൺ ഗ്രീൻ (0) എന്നിവർ പരാജയപ്പെട്ടതോടെ ഒരു ഘട്ടത്തിൽ ഓസീസ് 94-ന് 4 എന്ന നിലയിലായി.
അഞ്ചാം വിക്കറ്റിൽ ഖവാജയും അലക്സ് ക്യാരിയും ചേർന്നാണ് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 82 റൺസെടുത്ത ഖവാജ പുറത്തായ ശേഷം ജോഷ് ഇംഗ്ലിസ് (32), പാറ്റ് കമ്മിൻസ് (13) എന്നിവരെ കൂട്ടുപിടിച്ച് ക്യാരി സ്‌കോർ ഉയർത്തി. സെഞ്ചുറി തികച്ച ക്യാരി 106 റൺസെടുത്ത് പുറത്തായി. ഒന്നാംദിനം കളി നിർത്തുമ്പോൾ മിച്ചൽ സ്റ്റാർക്കും (33), നേതൻ ലിയോണുമാണ് (0) ക്രീസിൽ. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു.
