തിരുവനന്തപുരം: ശമ്പള പരിഷ്കരണമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നഴ്സുമാർ പ്രതിഷേധ മാർച്ച് നടത്തി. യുഎൻഎ യുടെ [United Nurses Association]നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

മിനിമം വേതനം 40,000 രൂപയായി നിശ്ചയിക്കുക, ഇഎസ്ഐ-പിഎഫ് പരിധി ഉയർത്തുക, കോൺട്രാക്ട് സംവിധാനവും ട്രെയിനിങ് സംവിധാനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയർത്തുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു.
പണിമുടക്കിനെ തുടർന്ന് ഇന്ന് ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രം സേവനം ലഭ്യമായി. വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്സുമാർ വിട്ടുനിൽക്കുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖലയിലെ അവസാന ശമ്പളപരിഷ്കരണം 2018ലാണ് നടന്നത്. തുടർന്ന് ഏഴ് വർഷത്തോളമായി ശമ്പള വർധനവ് ഉണ്ടായിട്ടില്ലെന്നാണ് യുഎൻഎയുടെ ആരോപണം.
മിനിമം വേതനം പ്രഖ്യാപിക്കേണ്ട കാലപരിധി മൂന്ന് മുതൽ അഞ്ച് വർഷം വരെയാണെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി സംഘടന ആവശ്യപ്പെട്ടിട്ടും സ്വകാര്യ മേഖലയിൽ നിന്ന് നടപടി ഉണ്ടായിട്ടില്ല. 2023ൽ യുഎൻഎ നടത്തിയ സമരത്തെ തുടർന്ന് ശമ്പളം പരിഷ്കരിക്കാൻ ഉത്തരവുണ്ടായിരുന്നുവെങ്കിലും ഇതുവരെ പ്രഖ്യാപനം നടന്നിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ വേതനത്തിന്റെ പകുതിയോളം പോലും സ്വകാര്യ മേഖലയിലെ നഴ്സുമാർക്ക് ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് സംഘടന പറയുന്നു. സ്വകാര്യ ആരോഗ്യ മേഖലയിൽ വൻകിട വിദേശ നിക്ഷേപങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ തന്നെ തൊഴിലവകാശങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്സുമാർ സമരം ശക്തമാക്കുന്നത്.
