BREAKING NEWS


നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

By newsvigil admin
supreme court 1

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നവകേരള സര്‍വേയില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ക്ഷേമപദ്ധതികള്‍ക്കായി നൂറുകണക്കിന് കോടി രൂപ ചെലവഴിക്കുന്ന സാഹചര്യത്തില്‍ നയരൂപീകരണത്തിനായി പഠനം നടത്തുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദ്യം ചെയ്തു.

സര്‍വേയ്ക്കായി പാര്‍ട്ടി അംഗങ്ങള്‍ തയ്യാറാകണമെന്ന് ഭരണകക്ഷി നിര്‍ദേശം നല്‍കിയതായി കെഎസ്‌യു നേതാക്കള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രദേശിക തലത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്താറുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സിപിഐഎം രാഷ്ട്രീയ കാമ്പയിന്‍ നടത്തുന്നു എന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതു പരിഗണിച്ചാണ് ഹൈക്കോടതി നവകേരള സര്‍വേ റദ്ദാക്കിയത്. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നും ഇത് സാമ്പത്തിക നിയമ ലംഘനമാണെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനുള്ള പദ്ധതിയായി മുഖ്യമന്ത്രി നവകേരള സര്‍വേ പ്രഖ്യാപിച്ചിരുന്നു. ‘നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം’ എന്ന പേരില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞ ഒക്ടോബര്‍ 29ലെ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. പരിശീലനം നേടിയ ആയിരക്കണക്കിന് വോളന്റിയര്‍മാര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *