BREAKING NEWS


കോഴിക്കോട് വലിയങ്ങാടി കെട്ടിടദുരന്തം: അന്വേഷണം ആവശ്യപ്പെട്ട് സിപിഐ, കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തം

By newsvigil admin
kozhikode valiyangadi accident 1771834993

കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഭാഗം തകർന്നു നാലുപേർ മരിച്ച സംഭവത്തിൽ സിപിഐ ജില്ലാ കൗൺസിൽ ശക്തമായ പ്രതികരണവുമായി രംഗത്ത്. പഴകിയ കെട്ടിടം പൊളിക്കാതെ നിലനിര്‍ത്താൻ ഇടയായ സാഹചര്യം അധികൃതർ വ്യക്തമാക്കണമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും സിപിഐ ആവശ്യപ്പെട്ടു.

അതേസമയം പ്രതിപക്ഷവും സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷൻക്കെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നൽകുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് എം. കെ. രാഘവൻ എംപി ആവശ്യപ്പെട്ടു. കോർപ്പറേഷൻ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പൊളിച്ചു മാറ്റാനിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സൺഷേഡ് തകർന്നാണ് അപകടം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *