യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആലുവയിലെ ഗതാഗതക്കുരുക്ക് പൂര്‍ണമായി പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എയര്‍പോര്‍ട്ട്–സീ പോര്‍ട്ട് റോഡ് പണി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് പുതുയുഗ യാത്ര ആലുവയിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളംയിലെ ആരോഗ്യരംഗം കനത്ത പ്രതിസന്ധിയിലാണെന്നും “ആരോഗ്യകേരളം വെന്റിലേറ്ററില്‍” എന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ആലപ്പുഴ സ്വദേശിനിയുടെ വയറ്റില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക കുടുങ്ങിയ സംഭവം ഉള്‍പ്പെടെ നിരവധി ചികിത്സാപിഴവുകള്‍ നിയമസഭയില്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ അവഗണനയാണ് കാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഓരോ വീഴ്ചയും സംഭവിക്കുമ്പോള്‍ മന്ത്രി റിപ്പോര്‍ട്ട് തേടുന്നതിലേക്കു മാത്രം കാര്യങ്ങള്‍ ഒതുങ്ങുന്നുവെന്നും നടപടികള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാപിഴവിന് ഇരയായവര്‍ക്കെതിരെ സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണെന്നും, കോഴിക്കോട് മെഡിക്കല്‍ കോളേജ് പിഴവിനിരയായ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ലെന്നും ചികിത്സാചെലവ് പ്രതിപക്ഷമാണ് വഹിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
