BREAKING NEWS


കേരളത്തിൽ അഖിലേന്ത്യാ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ സംഘർഷം

By sanjaynambiar
NationalStrike2026 2

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ പൂർണമായി നടന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല; കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചില സ്ഥലങ്ങളിൽ ഉണ്ടായ ചെറിയ അനിഷ്ടസംഭവങ്ങൾ ഒഴിച്ചാൽ സമരം പൊതുവേ ശാന്തമായിരുന്നു.

സിഐടിയു, ഐഎൻടിയുസി എന്നിവ ഉൾപ്പെടെ ബിഎംഎസ് ഒഴികെയുള്ള പത്ത് ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകിയത്. ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും ഒഴികെ സംസ്ഥാനത്ത് ഗതാഗതം ഏകദേശം നിലച്ചു. അവശ്യസർവീസുകൾ മാത്രം പ്രവർത്തിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ഡിപ്പോയിൽ ജോലിക്ക് എത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. അങ്കമാലിയിൽ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രകടനത്തിനിടെ കെഎസ്ആർടിസി ബസ് തടഞ്ഞതും വയനാട് കൽപ്പറ്റയിൽ ചരക്ക് ലോറി തടഞ്ഞതും സംഘർഷാവസ്ഥ സൃഷ്ടിച്ചു.

സംസ്ഥാനത്ത് സിഐടിയുവും ഐഎൻടിയുസിയും വ്യത്യസ്തമായാണ് സമരം സംഘടിപ്പിച്ചത്. സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിലെ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. കേന്ദ്രവും സംസ്ഥാനവും ഒരേ തൊഴിലാളി വിരുദ്ധ നയം സ്വീകരിക്കുന്നതുകൊണ്ടാണ് ഒരുമിച്ച് പണിമുടക്കിൽ പങ്കെടുക്കാത്തതെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.

പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും സെക്രട്ടറിയേറ്റുൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ ഹാജർ കുറഞ്ഞിരുന്നു. സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗിക വസതിയിൽ നിന്ന് മ്യൂസിയം ജംഗ്ഷൻ വരെ കാൽനടയായി എത്തി. സിഐടിയു അടക്കമുള്ള ഇടതുപക്ഷ സംഘടനകൾ ലോക് ഭവനിലേക്ക് മാർച്ച് നടത്തി; ടി.പി. രാമകൃഷ്ണനും ബിനോയ് വിശ്വവും നേതൃത്വം നൽകി. യുഡിഎഫ് നേതൃത്വത്തിൽ തമ്പാനൂരിൽ ഐഎൻടിയുസി പ്രകടനവും നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *