ഫരീദാബാദ്: ഹരിയാനയിലെ പ്രശസ്തമായ സൂരജ്കുണ്ട് അന്താരാഷ്ട്ര സാംസ്കാരിക കലാമേളയിൽ വൻ അപകടം. മേളയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഭീമൻ യന്ത്ര ഊഞ്ഞാൽ (Giant Wheel) തകർന്നു വീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. അപകടത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. സാങ്കേതിക തകരാറാണോ അതോ അമിതഭാരമാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചു വരികയാണ്.മേളയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിൽ വരും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.അപകടത്തെത്തുടർന്ന് മേളയിലെ മറ്റ് യന്ത്ര ഊഞ്ഞാലുകളുടെയും വിനോദ ഉപകരണങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
