ന്യൂഡൽഹി: ഹൈദരാബാദ് രൂപത ആർച്ച് ബിഷപ്പ് കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷനായി സ്ഥാനമേൽക്കും. ബെംഗളൂരുവിൽ ചേർന്ന ജനറൽ ബോഡി യോഗമണ് പുതിയ അധ്യക്ഷനെ തീരുമാനിച്ചത്. 37ാമത് ജനറൽ ബോഡി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. നിലവിലെ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ഈ മാസം പത്തോടെ ചുമതല ഒഴിയും.

62 വയസ്സുകാരനായ ആന്റണി പൂല ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരനാണ്. കുര്‍ണൂലിലെ മൈനര്‍ സെമിനാരി, ബംഗളുരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്. 1992 ഫെബ്രുവരി 10-ന് കടപ്പയില്‍ വച്ചാണ് ആന്റണി പൂല വൈദികവൃത്തിയിലേക്ക് കടക്കുന്നത്. 16 വര്‍ഷം കടപ്പ ഡയോസിസില്‍ പ്രവര്‍ത്തിച്ചശേഷമാണ് 2008-ല്‍ കുര്‍ണൂല്‍ ബിഷപ്പായി നിയമിക്കപ്പെടുന്നത്. പോപ് ഫ്രാന്‍സിസാണ് 2020 നവംബറില്‍ അദ്ദേഹത്തെ ഹൈദരാബാദിലെ മെട്രൊപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്. ഹൈദരാബാദ്, രംഗറെഡ്ഡി, മെഡ്ചല്‍, ഹൈദരാബാദിന് ചുറ്റിലുമുള്ള ജില്ലകള്‍ എന്നിവ ചേര്‍ന്നതാണ് ഹൈദരാബാദ് മെട്രൊപൊളിറ്റന്‍ ആര്‍ച്ച്ഡയോസിസ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അദ്ദേഹം ചുമതലയേറ്റത്. അതിന് മുമ്പ് 12 വര്‍ഷത്തോളം കുര്‍ണൂല്‍ ഡയോസിസിന് നേതൃത്വം നല്‍കിയിരുന്നു
