കോട്ടയം: മക്കളെ കാറിന്റെ ബോണറ്റിലിരുത്തി അപകടകരമായ രീതിയിൽ യാത്ര നടത്തിയ പിതാവിനെതിരെ പാമ്പാടി പോലീസ് കേസെടുത്തു. പാമ്പാടി വട്ടുകളം സ്വദേശി ജ്യോതിഷിനെതിരെയാണ് അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ടു വന്ന കുട്ടികളെ അവരുടെ സ്കൂൾ യൂണിഫോമിൽ തന്നെ കാറിന്റെ ബോണറ്റിലിരുത്തി ജ്യോതിഷ് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു. വട്ടുകളത്തെ ഇടറോഡിലൂടെയായിരുന്നു ഈ സാഹസിക പ്രകടനം.

കുട്ടികൾ ബോണറ്റിലിരിക്കുന്നതും കാർ ഓടുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാമ്പാടി പോലീസ് സ്വമേധയാ അന്വേഷണം നടത്തിയത്.
പോലീസ് നടപടി: വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ പോലീസ് ജ്യോതിഷിനെതിരെ കേസെടുത്തു. അപകടകരമായ രീതിയിൽ വണ്ടിയോടിച്ചതിന് ജ്യോതിഷിന്റെ കാർ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജ്യോതിഷിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പും കടക്കും.കുട്ടികളുടെ സുരക്ഷ കണക്കിലെടുക്കാതെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
