തിരുവനന്തപുരം: മതവിദ്വേഷത്തിന് കാരണമായേക്കാവുന്ന പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ സിപിഎം നേതൃത്വത്തിൽ കടുത്ത അമർഷം. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫ് ബന്ധം ഉയർത്തിക്കാട്ടി എൽഡിഎഫ് പ്രചാരണം ശക്തമാക്കുന്നതിനിടയിൽ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാവശ്യ പരാമർശം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് വിലയിരുത്തൽ.

പരസ്യമായി പിന്തുണയ്ക്കില്ല: വർഗീയ പരാമർശം ആര് നടത്തിയാലും യോജിപ്പില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത് സജി ചെറിയാനുള്ള നേരിട്ടുള്ള മുന്നറിയിപ്പായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്.
തിരുത്തൽ നടപടി: പാർട്ടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ, മന്ത്രി തന്നെ തന്റെ പ്രസ്താവന തിരുത്തി പ്രശ്നം പരിഹരിക്കട്ടെ എന്ന നിലപാടിലാണ് നേതാക്കൾ.എൻഎസ്എസും എസ്എൻഡിപി യോഗവും കോൺഗ്രസിനെതിരെ നിലപാടെടുത്ത സാഹചര്യം അനുകൂലമാക്കേണ്ടതിന് പകരം, സജി ചെറിയാന്റെ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധമായത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സിപിഎം കടുത്ത നിലപാട് എടുക്കുമ്പോഴും പാർട്ടിയെ വെട്ടിലാക്കുന്ന നീക്കങ്ങൾ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി.ആലപ്പുഴയിൽ എംഎൽഎ ദലീമ ജോജോയും താനൂരിൽ മന്ത്രി വി. അബ്ദുറഹ്‌മാനും ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടികളിൽ പങ്കെടുത്തത് പാർട്ടിയുടെ ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.എന്നാൽ, ഈ വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ എം.വി. ഗോവിന്ദൻ തയ്യാറായില്ല.
പ്രതിപക്ഷം ആയുധമാക്കുന്നു.നിയമസഭാ നയപ്രഖ്യാപന വേളയിലടക്കം സജി ചെറിയാന്റെ വിവാദ പരാമർശം ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രി വിഷയത്തിൽ എന്ത് നിലപാടെടുക്കുമെന്ന് കാത്തിരിക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ.
