ന്യൂഡൽഹി: കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന് എൻഡിടിവി വോട്ട് വൈബ് ഇന്ത്യ കേരള ട്രാക്കർ സർവേ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം പിടിച്ചെടുക്കാനുള്ള സാധ്യതയാണ് സർവേ പ്രവചിക്കുന്നത്.സർവേയിൽ പങ്കെടുത്ത 52 ശതമാനം പേരും സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി.വെറും 23.8 ശതമാനം പേർ മാത്രമാണ് സർക്കാരിന്റെ പ്രവർത്തനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്?
മുഖ്യമന്ത്രി പദത്തിലേക്ക് ജനങ്ങൾ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്.
വി.ഡി. സതീശൻ: 22.4% പിന്തുണ.
പിണറായി വിജയൻ: 18% പിന്തുണ.
കെ.കെ. ശൈലജ: 16.9% പിന്തുണ.
രാജീവ് ചന്ദ്രശേഖർ: 14.7% പിന്തുണ.
ശശി തരൂർ: 9.8% പിന്തുണ.
വോട്ട് വിഹിതം (പ്രവചനം):
മുന്നണികളുടെ വോട്ട് വിഹിതത്തിലും യുഡിഎഫിന് മുൻതൂക്കം പ്രവചിക്കപ്പെടുന്നു.
യുഡിഎഫ് (UDF): 32.7%
എൽഡിഎഫ് (LDF): 29.3%
എൻഡിഎ (NDA): 19.8%
യുഡിഎഫിന് മുൻതൂക്കമുണ്ടെങ്കിലും 42 ശതമാനം വോട്ടർമാരും കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ ഒരു വലിയ പോരായ്മയായി കാണുന്നു. 15 ശതമാനം വോട്ടർമാർ ഇപ്പോഴും ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. ഇവരുടെ തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകും.വി.ഡി. സതീശൻ, ശശി തരൂർ, കെ.സി. വേണുഗോപാൽ എന്നിവരുടെ ജനപ്രീതി എൽഡിഎഫ് നേതാക്കളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ടെന്നും സർവേ വ്യക്തമാക്കുന്നു.
പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം കേരളത്തിൽ ഒരു രാഷ്ട്രീയ മാറ്റം വോട്ടർമാർ ആഗ്രഹിക്കുന്നുവെന്നാണ് ഈ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
