മഞ്ചേശ്വരം: ലോഡ്ജ് മുറിയിൽ വിശ്രമിക്കുകയായിരുന്ന യുവാവിനെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി അർദ്ധനഗ്ന വീഡിയോ പകർത്തുകയും പണം തട്ടുകയും ചെയ്ത സംഘത്തിലെ പ്രധാനി അറസ്റ്റിലായി. ഹൊസങ്കടി കടമ്പാറ സ്വദേശി ആരിഷിനെയാണ് (40) മഞ്ചേശ്വരം പോലീസ് പിടികൂടിയത്.

അതിക്രമം: ജനുവരി 14-ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മഞ്ചേശ്വരത്തെ ലോഡ്ജ് മുറിയിൽ കഴിയുകയായിരുന്ന യുവാവിനെയും യുവതിയെയും മൂന്നംഗ സംഘം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ഇരുവരേയും ഒരുമിച്ചിരുത്തി അർദ്ധനഗ്ന വീഡിയോയും ഫോട്ടോയും നിർബന്ധപൂർവ്വം ചിത്രീകരിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ രണ്ട് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്.
യുവാവിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയും മൊബൈൽ ഫോണും സംഘം ബലമായി തട്ടിയെടുത്തു.സംഭവത്തിന് ശേഷം ഒളിവിൽ പോയ ആരിഷിനെ മംഗളൂരുവിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്. ഇൻസ്പെക്ടർ പി. അജിത്കുമാർ, എസ്.ഐ രതീഷ് ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
ഒളിവിൽ പോയ മറ്റു രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
