BREAKING NEWS


തിരുനാവായ കുംഭമേളയ്ക്ക് തടയിട്ട് റവന്യൂ വകുപ്പ്; പാലം നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ, ആര് തടഞ്ഞാലും നടത്തുമെന്ന് സംഘാടകർ

By sanjaynambiar
maholsavam

മലപ്പുറം/തൃശ്ശൂർ: ഭാരതപ്പുഴയുടെ തീരത്ത് ജനുവരി 18 മുതൽ നടക്കാനിരിക്കുന്ന ‘ദക്ഷിണേന്ത്യൻ കുംഭമേള’ എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന്റെ സന്നാഹങ്ങൾ റവന്യൂ വകുപ്പ് തടഞ്ഞു. പുഴയിൽ മണൽ നീക്കി താത്കാലിക പാലം നിർമ്മിക്കുന്നത് നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയത്.

​പുഴയുടെ മധ്യഭാഗത്തുള്ള മണൽപ്പരപ്പിൽ പൂജകൾ നടത്തുന്നതിനായി സംഘാടകർ ഒരാഴ്ചയായി താത്കാലിക പാലം നിർമ്മിച്ചു വരികയായിരുന്നു. എന്നാൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുഴയിൽ നിർമ്മാണം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. മൂന്ന് ദിവസം മുൻപ് നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ചൊവ്വാഴ്ച വീണ്ടും നിർമ്മാണം തുടങ്ങിയപ്പോൾ പോലീസും റവന്യൂ ഉദ്യോഗസ്ഥരും എത്തി പണി നിർത്തിവെപ്പിച്ചു.

​പാലം നിർമ്മാണത്തിന് നവംബറിൽ തന്നെ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നതായും എന്നാൽ മറുപടി ലഭിക്കാത്തതിനാലാണ് നിർമ്മാണം ആരംഭിച്ചതെന്നും സംഘാടക സമിതി അറിയിച്ചു. മുൻപ് എല്ലാവർഷവും സർവോദയ മേളയുടെ ഭാഗമായി ഇത്തരത്തിൽ പാലം നിർമ്മിക്കാറുണ്ടെന്നും ഇത്തവണത്തെ തടസ്സത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും കൺവീനർ വിനയകുമാർ പറഞ്ഞു.

​സർക്കാർ നടപടിക്കെതിരെ കടുത്ത നിലപാടുമായി മുഖ്യ സംഘാടകനായ സ്വാമി ആനന്ദവനം ഭാരതി രംഗത്തെത്തി.
​”ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കെ റവന്യൂ വകുപ്പ് തടസ്സം നിൽക്കുന്നത് പ്രതിഷേധാർഹമാണ്. കളക്ടറും ദേവസ്വം മന്ത്രിയും രക്ഷാധികാരികളായ കമ്മിറ്റിയാണ് ഇത് സംഘടിപ്പിക്കുന്നത്. ആര് തടഞ്ഞാലും ഉത്സവം നിശ്ചയിച്ച പ്രകാരം നടക്കും.” – സ്വാമി ആനന്ദവനം ഭാരതി തൃശ്ശൂരിൽ പറഞ്ഞു.

​ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നീളുന്ന ഉത്സവത്തിന്റെ ഉദ്ഘാടനം 19-ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് നിർവ്വഹിക്കുന്നത്. ജൂന അഖാഡയുടെയും മാതാ അമൃതാനന്ദമയി മഠത്തിന്റെയും നേതൃത്വത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടന്നിരുന്ന മാഘമഖ മഹോത്സവം പുനഃസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
​വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ട് സമവായമുണ്ടാക്കുമോ അതോ നിയമ നടപടികളുമായി മുന്നോട്ട് പോകുമോ എന്നാണ് ഇപ്പോൾ ഭക്തജനങ്ങളും നാട്ടുകാരും ഉറ്റുനോക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *