ചെന്നൈ: ആധുനിക കാലത്ത് സത്യസന്ധതയുടെ പ്രകാശമായി ഒരു ശുചീകരണത്തൊഴിലാളി. ജോലിക്കിടയിൽ തെരുവിൽ നിന്ന് വീണുകിട്ടിയ 45 സ്വർണ്ണനാണയങ്ങൾ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് 46-കാരിയായ പത്മ. ഈ മഹത്തായ പ്രവൃത്തിയെ നേരിട്ട് അഭിനന്ദിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പത്മയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം കൈമാറി.

ത്യാഗരാജ നഗർ മുപ്പാത്തമ്മൻ കോവിൽ തെരുവിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് പത്മയ്ക്ക് ഒരു തുണി സഞ്ചി ലഭിക്കുന്നത്. തുറന്നു നോക്കിയപ്പോൾ അതിൽ തിളങ്ങുന്ന സ്വർണ്ണനാണയങ്ങൾ! നിലവിലെ വിപണി വിലയനുസരിച്ച് ഏകദേശം 45 ലക്ഷം രൂപയോളം മൂല്യമുള്ള 45 സ്വർണ്ണനാണയങ്ങളാണ് ആ സഞ്ചിയിലുണ്ടായിരുന്നത്. എന്നാൽ ആ സ്വർണ്ണത്തിളക്കം പത്മയെ തെല്ലും പ്രലോഭിപ്പിച്ചില്ല. അവർ നേരെ പോണ്ടിബസാർ പോലീസ് സ്റ്റേഷനിലെത്തി സഞ്ചി കൈമാറി.
സെക്രട്ടേറിയറ്റിൽ വെച്ചു നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പത്മയെ ആദരിച്ചത്.
”സ്വർണ്ണത്തിന് വില കുതിച്ചുയരുന്ന ഈ കാലത്ത്, ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം തിരികെ നൽകിയ പത്മയുടെ സത്യസന്ധത മറ്റുള്ളവർക്ക് വലിയൊരു മാതൃകയാണ്.” – എം.കെ. സ്റ്റാലിൻ പറഞ്ഞു.
നങ്കനല്ലൂർ സ്വദേശിയായ രമേഷ് എന്ന വ്യക്തിയുടേതായിരുന്നു ആ സ്വർണം. കഴിഞ്ഞ ഞായറാഴ്ച സ്വർണം നഷ്ടപ്പെട്ടതായി അദ്ദേഹം പോണ്ടിബസാർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പത്മ ഏൽപ്പിച്ച നാണയങ്ങൾ രമേഷിന്റേതാണെന്ന് സ്ഥിരീകരിച്ച പോലീസ് ഉടൻ തന്നെ അദ്ദേഹത്തെ വിളിച്ചുവരുത്തി അവ കൈമാറി.
ദാരിദ്ര്യത്തിന് മുന്നിലും സത്യസന്ധത കൈവിടാത്ത പത്മയ്ക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
