BREAKING NEWS


സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

By sanjaynambiar
chandhra shekar

തിരുവനന്തപുരം: ഔദ്യോഗിക രേഖകളിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി കേന്ദ്ര ഇടപെടൽ അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിലവിലെ ‘കേരള’ എന്ന പേരിന് പകരം മലയാളത്തനിമയുള്ള ‘കേരളം’ എന്ന പേര് ഔദ്യോഗികമാക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയിച്ച് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നൽകി.

​സംസ്ഥാനത്തിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കാനാണ് ഈ മാറ്റമെന്ന് രാജീവ് ചന്ദ്രശേഖർ കത്തിൽ ചൂണ്ടിക്കാട്ടി. 2024 ജൂണിൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ ബിജെപി പിന്തുണയ്ക്കുന്നു. കേരളത്തിന്റെ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

​ഭരണഘടനാപരമായ ഈ പേരുമാറ്റം സംസ്ഥാനത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും അനിവാര്യമാണെന്ന് രാജീവ് ചന്ദ്രശേഖർ വാദിക്കുന്നു.മതത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിഭജിച്ച് പ്രത്യേക ജില്ലകൾ വേണമെന്നാവശ്യപ്പെടുന്ന തീവ്രവാദ ശക്തികളുടെ ശ്രമങ്ങളെ തടയാൻ ഇത്തരം നടപടികൾ സഹായിക്കും.
​എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടുന്ന വികസിത കേരളമാണ് ലക്ഷ്യമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിന് ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണമെന്നാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *