മാഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റിയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തുനിന്നും സാബി അലോൺസോ ഒഴിഞ്ഞു. സൗദി അറേബ്യയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയോട് (3-2) തോറ്റതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ ഈ തീരുമാനം. ക്ലബ്ബും അലോൺസോയും തമ്മിലുള്ള ഉഭയകക്ഷി സമ്മതപ്രകാരമാണ് ഈ തീരുമാനമെന്ന് റിയൽ മാഡ്രിഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അലോൺസോയ്ക്ക് പകരക്കാരനായി മുൻ സഹതാരവും ക്ലബ്ബ് ഇതിഹാസവുമായ ആൽവാരോ അർബലോവ ചുമതലയേറ്റു.

കഴിഞ്ഞ മെയ് മാസത്തിൽ വലിയ പ്രതീക്ഷകളോടെയാണ് കാർലോ അഞ്ചലോട്ടിയുടെ പകരക്കാരനായി അലോൺസോ മാഡ്രിഡിലെത്തിയത്. എന്നാൽ എട്ടുമാസം പോലും തികയ്ക്കാനാകാതെ അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നു. 34 മത്സരങ്ങളിൽ ടീമിനെ നയിച്ച അലോൺസോ 24 വിജയങ്ങളും 6 തോൽവികളും 4 സമനിലകളുമാണ് നേടിയത്. നിലവിൽ ലാ ലിഗയിൽ ബാഴ്സലോണയേക്കാൾ 4 പോയിന്റ് പിന്നിലാണ് റിയൽ മാഡ്രിഡ്.
അലോൺസോയും ടീമിലെ പ്രമുഖ താരങ്ങളും തമ്മിലുള്ള ഭിന്നത പുറത്താകലിന് ആക്കം കൂട്ടി. വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള താരങ്ങളെ മത്സരത്തിനിടയിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്നത് വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. ഡ്രെസ്സിംഗ് റൂമിലെ നിയന്ത്രണം അലോൺസോയ്ക്ക് നഷ്ടമായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സൂപ്പർ കപ്പ് ഫൈനലിന് ശേഷം വിജയികളായ ബാഴ്സലോണയ്ക്ക് ‘ഗാർഡ് ഓഫ് ഓണർ’ നൽകാൻ അലോൺസോ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ള താരങ്ങൾ അത് നിരസിച്ചത് ഭിന്നത രൂക്ഷമായതിന്റെ സൂചനയായിരുന്നു.
അലോൺസോയ്ക്ക് ആദ്യം യാത്രയയപ്പ് സന്ദേശം നൽകിയത് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ്. “ഇതൊരു ചെറിയ കാലയളവായിരുന്നു, എങ്കിലും നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി,” എന്ന് എംബാപ്പെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എന്നാൽ വിനീഷ്യസ് ജൂനിയർ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
റിയൽ മാഡ്രിഡിന്റെ ബി ടീം പരിശീലകനായിരുന്ന 42-കാരൻ ആൽവാരോ അർബലോവ ഇനി സീനിയർ ടീമിനെ നയിക്കും. സ്പെയിനിനും റിയൽ മാഡ്രിഡിനുമായി അലോൺസോയ്ക്കൊപ്പം പന്തുതട്ടിയ താരമാണ് അദ്ദേഹം. 2010 ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലും ഇവർ ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച കോപ്പ ഡെൽ റേയിൽ അൽബാസെറ്റെക്കെതിരെ നടക്കുന്ന മത്സരമാണ് അർബലോവയുടെ ആദ്യ പരീക്ഷണം.
