പ്യോങ്യാങ്: ലോകത്തിലെ ഏറ്റവും നിഗൂഢമായ ഭരണകൂടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തരകൊറിയയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ രാഷ്ട്രീയ നിരീക്ഷകർ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഏകാധിപതി കിം ജോങ് ഉന്നിന്റെ നിഴലായി ഇന്ന് കൂടെയുള്ളത് കിം ജു എ എന്ന കൊച്ചു പെൺകുട്ടിയാണ്. ഉത്തരകൊറിയയുടെ സ്ഥാപക നേതാക്കളുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന കുംസുസാൻ കൊട്ടാരത്തിൽ പിതാവിനൊപ്പം മകൾ എത്തിയത് വെറുമൊരു സന്ദർശനമല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി ഭരണാധികാരിയിലേക്കുള്ള ചൂണ്ടുപലകയാണെന്നാണ് വിലയിരുത്തൽ.

എന്താണ് ‘പെക്തു ബ്ലഡ്‌ലൈൻ’?
ഉത്തരകൊറിയൻ ജനത പുണ്യപർവ്വതമായി കരുതുന്ന ‘മൗണ്ട് പെക്തു’ (Mount Paektu)-വിൽ നിന്നാണ് ഈ പേര് വന്നത്.
പാരമ്പര്യം: കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം ഇൽ സുങ് ജപ്പാനെതിരായ പോരാട്ടം നയിച്ചത് ഇവിടെ നിന്നാണെന്നാണ് ഔദ്യോഗിക ചരിത്രം.
അധികാരവാകാശം: ഈ പർവ്വതവുമായി രക്തബന്ധമുള്ളവർക്ക് മാത്രമേ ഉത്തരകൊറിയ ഭരിക്കാൻ അവകാശമുള്ളൂ എന്നതാണ് അവിടുത്തെ പ്രത്യയശാസ്ത്രം. ഇതിനെയാണ് ‘പെക്തു ബ്ലഡ്‌ലൈൻ’ എന്ന് വിളിക്കുന്നത്.
ഉദയനക്ഷത്രം: മകൾ കിം ജു എയെ ഈയിടെയായി “പെക്തു വംശത്തിലെ ഉദയനക്ഷത്രം” എന്ന് ഭരണകൂടം വിശേഷിപ്പിക്കുന്നുണ്ട്. സൈനിക പരേഡുകളിലും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലും മകളെ ഒപ്പം കൂട്ടുന്നതിലൂടെ തന്റെ പിൻഗാമി മകളാണെന്ന വ്യക്തമായ സന്ദേശമാണ് കിം നൽകുന്നത്.
അതിരുകടന്ന സുരക്ഷയും നിഗൂഢതകളും
ഇരുമ്പുമറയ്ക്കുള്ളിലെ കിം കുടുംബത്തിന്റെ ജീവിതം അത്യാഡംബരങ്ങൾ നിറഞ്ഞതാണ്.
ആരോഗ്യ രഹസ്യങ്ങൾ: കിമ്മിന്റെ ആരോഗ്യ വിവരങ്ങൾ ചോരാതിരിക്കാൻ കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. വിദേശയാത്രകളിൽ സ്വന്തം ടോയ്‌ലറ്റ് വരെ കൂടെ കൊണ്ടുപോകുന്നത് വിസർജ്യത്തിൽ നിന്ന് ആരോഗ്യവിവരങ്ങൾ സ്പൈ ഏജൻസികൾക്ക് ലഭിക്കാതിരിക്കാനാണെന്ന് റിപ്പോർട്ടുകളുണ്ട്.യാത്രകൾ: ബുള്ളറ്റ് പ്രൂഫ് ട്രെയിനുകളിലെ യാത്രയും സുരക്ഷയ്ക്കായി അപരന്മാരെ (Body Doubles) ഉപയോഗിക്കുന്നതും കിമ്മിന്റെ രീതിയാണ്.ദക്ഷിണ കൊറിയയുടെ ആശങ്ക: ഉത്തരകൊറിയയിൽ ഒരു അധികാരമാറ്റം ഉണ്ടായാൽ അത് മേഖലയിലെ സമാധാനത്തെ എങ്ങനെ ബാധിക്കുമെന്ന ഭയത്തിലാണ് ദക്ഷിണ കൊറിയയും പാശ്ചാത്യ രാജ്യങ്ങളും.
