BREAKING NEWS


ബർഗറിൽ ചിക്കൻ കുറഞ്ഞതിനെച്ചൊല്ലി തർക്കം: കുട്ടികൾക്കുനേരെ കത്തിവീശിയ മാനേജറെ ജോലിയിൽനിന്നും പിരിച്ചുവിട്ടു

By sanjaynambiar
burger

​കൊച്ചി: ബർഗറിൽ ചിക്കൻ സ്ട്രിപ്പിന്റെ അളവ് കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തിവീശുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഫാസ്റ്റ് ഫുഡ് ശൃംഖല നടപടിയെടുത്തു. എറണാകുളത്തെ ഔട്ട്‌ലെറ്റ് മാനേജരായിരുന്ന സൗത്ത് മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വയെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സിബിഎസ്ഇ സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ നാല് വിദ്യാർത്ഥികളാണ് ഭക്ഷണം കഴിക്കാൻ ഔട്ട്‌ലെറ്റിലെത്തിയത്. ലഭിച്ച ബർഗറിൽ ചിക്കൻ കുറവാണെന്ന് കുട്ടികൾ പരാതിപ്പെട്ടതോടെ മാനേജർ തട്ടിക്കയറുകയായിരുന്നു.

കത്തിവീശിയ സംഭവം: തർക്കത്തിനിടെ കുട്ടികൾ മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ ജോഷ്വ പ്രകോപിതനായി. തുടർന്ന് കത്തിയുമായി കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
​സംഘർഷം: കുട്ടികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മുതിർന്നവരും മാനേജരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഇവർ ജോഷ്വയെ മർദ്ദിച്ചതായും പരാതിയുണ്ട്.വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതിനും കത്തിവീശിയതിനും ജോഷ്വയ്ക്കെതിരെയും, മാനേജരെ മർദ്ദിച്ചതിന് കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയും എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *