കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടൻ ജയസൂര്യയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും സമൻസ് അയച്ചു. ജനുവരി 7-ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട് ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ.ഡി വൃത്തങ്ങൾ നേരത്തെ തന്നെ സൂചന നൽകിയിരുന്നു.

വിവാദമായ സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. ഈ സ്ഥാപനവുമായി നടൻ ഒപ്പിട്ട കരാറാണ് ഇപ്പോൾ നിയമക്കുരുക്കായിരിക്കുന്നത്. കരാറിന്റെ ഭാഗമായി ജയസൂര്യക്ക് ലഭിച്ച പണം, സ്ഥാപനം നിക്ഷേപകരിൽ നിന്ന് തട്ടിയെടുക്കപ്പെട്ട തുകയിൽ നിന്നുള്ളതാണെന്നാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം.
ചോദ്യം ചെയ്യലിന് ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തട്ടിപ്പിലൂടെ ലഭിച്ചതെന്ന് കരുതുന്ന പണം കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ഇ.ഡി കടന്നേക്കും.
കൂടുതൽ താരങ്ങളിലേക്ക്: കേസിൽ ജയസൂര്യയെ കൂടാതെ കൂടുതൽ സിനിമാ താരങ്ങൾക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
