തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും സുഹൃത്തും ഉടൻ പിടിയിലാകും. പശ്ചിമ ബംഗാൾ സ്വദേശിനിയായ മുന്നി ബീഗം, ഇവരുടെ സുഹൃത്ത് തൻബീർ ആലം എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിൽ അമ്മയുടെ പങ്ക് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുക.

കുട്ടി ഉറങ്ങിയ ശേഷം ഉണർന്നില്ലെന്നാണ് അമ്മ ആദ്യം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, കുട്ടിയുടെ കഴുത്തിൽ കണ്ട രണ്ട് പാടുകളിൽ അസ്വാഭാവികത തോന്നിയ ഡോക്ടർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് അമ്മയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ശേഷം കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുമെന്ന് അധികൃതർ അറിയിച്ചു.
