ദുബായ്: ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിനെ സംബന്ധിച്ച് 2025 കരിയറിലെ ഏറ്റവും മികച്ച വർഷമായി മാറുകയാണ്. തിങ്കളാഴ്ച യുഎഇയിൽ നടന്ന 2025-ലെ ഗ്ലോബ് സോക്കർ അവാർഡുകളിൽ (Globe Soccer Awards) രണ്ട് പ്രമുഖ പുരസ്കാരങ്ങളാണ് യമാൽ സ്വന്തമാക്കിയത്. ‘മികച്ച ഗോൾ സ്കോറർ’, ‘മികച്ച ഫോർവേഡ്’ എന്നീ അവാർഡുകളാണ് ഈ കൗമാരതാരത്തെ തേടിയെത്തിയത്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്പെയിനിനായി നടത്തിയ അവിസ്മരണീയ പ്രകടനമാണ് യമാലിനെ പുരസ്കാരങ്ങൾക്ക് അർഹനാക്കിയത്. 21 വയസ്സിന് താഴെയുള്ള ലോകത്തിലെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ (Kopa Trophy) പുരസ്കാരവും താരം നിലനിർത്തിയിരുന്നു. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്ക്കായി 53 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 21 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
അവാർഡ് വേദിയിൽ അവതാരകന്റെ ചോദ്യത്തിന് യമാൽ നൽകിയ മറുപടി സദസ്സിലുണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോലും പ്രശംസ പിടിച്ചുപറ്റി. “നിങ്ങൾ ആരാണെന്നും ആളുകൾ നിങ്ങളെക്കുറിച്ച് എന്തറിയണമെന്നുമാണ് ആഗ്രഹിക്കുന്നത്?” എന്ന ചോദ്യത്തിന്, “എന്റെ വീട്ടിലെ ബോസ് അമ്മയാണ് എന്ന കാര്യം ആളുകൾ അറിയണം” എന്നായിരുന്നു യമാലിന്റെ രസകരമായ മറുപടി.മറ്റാരെയും അനുകരിക്കാനല്ല, സ്വന്തമായൊരു പാത കെട്ടിപ്പടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും യമാൽ കൂട്ടിച്ചേർത്തു. ഇതിനായി റൊണാൾഡോയെ അദ്ദേഹം മാതൃകയായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
