BREAKING NEWS


ആദ്യം തകർന്ന റോഡ് നന്നാക്കൂ, എന്നിട്ടാകാം ടോള്‍’; പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും, ഉത്തരവ് നീട്ടി ഹൈക്കോടതി

By sanjaynambiar
0toll 1754506612776 a8542ff8 0058 4bfe b21a 571d9cbcc062 900x520 1

 

കൊച്ചി : പാലിയേക്കര ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ടോൾ പിരിക്കാനുള്ള അനുമതിയുടെ കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമെടുക്കും. കഴിഞ്ഞദിവസം നന്നാക്കിയ സർവീസ് റോഡാണ് ഇന്നലെതകർന്നത്. ആദ്യം റോഡ് നന്നാക്കിയിട്ട് ടോള്‍ പിരിക്കാം എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതിനെത്തുടർന്ന് റോഡു ഗതാഗതം തടസപ്പെട്ട കാര്യം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് ടോൾ പിരിവിനുള്ള വിലക്ക് ഹൈക്കോടതി നീട്ടിയത്. റോഡിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ച് ​ഗതാ​ഗത യോ​ഗ്യമാക്കാൻ ഹൈക്കോടതി നിർദേശിച്ചു.

മുരിങ്ങൂരിൽ കഴിഞ്ഞ ദിവസം സർവീസ് റോഡ് തകർന്നു എന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുന്നതിനിടെയായിരുന്നു ഇത് സംഭവിച്ചത്. സർവീസ് റോഡ് തകർന്നതു മൂലം റോഡ് ഗതാഗതത്തിന് തടസം നേരിടുന്നുണ്ടെന്ന് കലക്ടർ വ്യക്തമാക്കി. സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ എന്താണ് അടിയന്തര പരിഹാരം എന്ന് കോടതി ചോദിച്ചു. ഇടിഞ്ഞ ഭാഗത്തിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കുകയും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച ശേഷം ടോള്‍ പിരിവില്‍ ഉത്തരവ് പറയാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

സംരക്ഷണഭിത്തി കെട്ടാനായി ആഴത്തിൽ മണ്ണെടുത്തപ്പോഴാണ് റോഡ് തകർന്നതെന്നായിരുന്നു എൻഎച്ച്എഐയുടെ മറുപടി. ഇത്തരത്തിൽ ചെറിയ തടസങ്ങളുടെ പേരില്‍ ടോള്‍ പിരിവ് തടയുന്നത് ശരിയല്ലെന്ന് ദേശീയ പാത അതോറിറ്റിയും കേന്ദ്രസര്‍ക്കാരും കോടതിയില്‍ വാദിച്ചു. എന്നാൽ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ബെഞ്ച് വാദം തള്ളി. ആദ്യം റോഡ് നന്നാക്കട്ടെ, എന്നിട്ടാകാം ടോള്‍ എന്ന് കോടതി നിരീക്ഷിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *