BREAKING NEWS


മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെ; കേരള ഹൈക്കോടതിയെ വിമർശിച്ചു സുപ്രീംകോടതി

By sanjaynambiar
images 13

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം.
മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും ഇത്തരത്തിൽ സമാനമായ സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വാദം. ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു.

ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബിഎൻഎസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയൽ ചെയ്യുന്ന മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയിൽ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസുകളിലെ വസ്തുതകൾ അറിയാവുന്നത് സെഷൻസ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികൾക്ക് കേസുകളുടെ പൂർണ്ണമായ വസ്തുത അറിയണമെന്നില്ല-സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിചാരണ കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒക്ടോബർ 14 ന് കേസിൽ സുപ്രീം കോടതി വിശദ വാദം കേൾക്കാൻ തീരുമാനിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *