ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാർ പുറത്തിറങ്ങി. ഇലക്ട്രിക് എസ്യുവിയായ ഇ-വിത്താരയാണ് ഗുജറാത്തിലെ ഹൻസൽപുരിലെ പ്ലാന്റിൽ ഉത്പാദനം ആരംഭിച്ചത്. ഇവിടെ നിർമിച്ച ആദ്യ ഇ-വിത്താര പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത് പുറത്തിറക്കി. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകൾ നിർമിക്കാനുള്ള പ്ലാന്റിന്റെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ കെയ്ച്ചി ഒനോ എന്നിവർ സന്നിഹിതരായിരുന്നു.

ഹൻസൽപുർ പ്ലാന്റിൽ നിർമിക്കുന്ന ഇ-വിത്താര ലോകത്തെ നൂറ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മോദി പുറത്തിറക്കിയ ആദ്യ ഇ-വിത്താര യുകെയിലേക്കാണ് അയക്കുക. കഴിഞ്ഞവർഷം യൂറോപ്പിലാണ് ഇ-വിത്താര ലോകത്ത് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഈ വർഷം നടന്ന ഭാരത് മോട്ടോർ എക്സ്പോയിലും ഈ ഇ-എസ്യുവി പ്രത്യക്ഷപ്പെട്ടിരുന്നു. ഇ-വിത്താര സെപ്റ്റംബർ മൂന്നിന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
മാരുതി സുസുക്കി ഇലക്ട്രിക് വാഹനങ്ങൾക്കായി വികസിപ്പിച്ചിട്ടുള്ള ഹാർടെക്ട്-ഇ പ്ലാറ്റ്ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളിൽ ഇ-വിത്താര വിപണിയിൽ എത്തും. ഒറ്റത്തവണ ചാർജിൽ 500 കിലോമീറ്ററിൽ അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എൽഎഫ്പി (ലിഥിയം അയേൺ ഫോസ്ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റിൽ 174 ബിഎച്ച്പി പവറും 189 എൻഎം ടോർക്കുമേകുന്ന മോട്ടോറും കരുത്തേകും. ഇ-വിത്തരായുടെ ഓൾ വീൽ ഡ്രൈവ് മോഡലിൽ സുസുക്കിയുടെ ഇ-ഓൾഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയർ ആക്സിലിലും 65 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന മോട്ടോർ നൽകുന്നുണ്ട്. ഈ ഇരട്ട മോട്ടോർ മോഡൽ 184 ബിഎച്ച്പി പവറും 300 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
