റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ നാളെ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച കരട് നോട്ടിസ് ട്രംപ് ഭരണകൂടം പുറത്തിറക്കി. ഇന്ത്യയുമായി സമവായത്തിനില്ലെന്ന് വ്യക്തമാക്കുന്നതാണ് യുഎസിന്റെ ഈ നടപടി. ട്രംപ് മധ്യസ്ഥത വഹിച്ച യുക്രെയ്ൻ-റഷ്യ സമാധാനനീക്കം പൊളിഞ്ഞ സാഹചര്യത്തിൽക്കൂടിയാണ് ഇന്ത്യയ്ക്കെതിരെ കനത്തചുങ്കം ചുമത്തുന്ന നീക്കവുമായി മുന്നോട്ടുപോകാൻ യുഎസിനെ പ്രേരിപ്പിച്ചത്.

റഷ്യൻ പ്രസിഡന്റ് പുട്ടിന് യുക്രേനിയൻ നേതാവ് സെലെൻസ്കിയെ ഇഷ്ടമല്ലെന്നും അതാണ് ഇരുവരും തമ്മിലെ ചർച്ചയ്ക്ക് പുട്ടിൻ തയാറാകാത്തതെന്നും ട്രംപ് ആരോപിച്ചു. സമാധാന ചർച്ചകൾക്ക് റഷ്യ വഴങ്ങിയില്ലെങ്കിൽ, റഷ്യയുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ ട്രംപ് ചൈനയ്ക്കുനേരെയും കടുത്ത രോഷം പ്രകടിപ്പിച്ചു. ചൈന ‘അപൂർവ ധാതുക്കളുടെ’ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രിക്കുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. അമേരിക്കയ്ക്ക് ആവശ്യമായ മാഗ്നെറ്റുകൾ നൽകാൻ തയാറാകുന്നില്ലെങ്കിൽ, ചൈനയ്ക്കുമേൽ 200 ശതമാനമോ അതിലേറെയോ തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞു.
