
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ആദ്യ ഘട്ടത്തിൽ എ എ വൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭ്യമാക്കും. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.പി.എൽ- എ.പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കും.
അതേസമയം, ശബരി ബ്രാന്‍ഡില്‍ അഞ്ചു പുതിയ ഉത്പന്നങ്ങള്‍ കൂടെ സപ്ലൈകോ വിപണിയിലിറക്കി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. നടി റിമ കല്ലിങ്കലിനു ഉല്‍പ്പന്നങ്ങള്‍ നല്കിക്കൊണ്ടായിരുന്നു ആദ്യ വില്‍പ്പന.
ഈ ഓണക്കാലത്ത് അരി, വെളിച്ചെണ്ണ, മുളക് എന്നിവ ലഭ്യമാക്കാനും വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ പൊതുവിപണി വില കുറയ്ക്കാനും സപ്ലൈകോയുടെ ഇടപെടലിലൂടെ കഴിഞ്ഞു. കഴിഞ്ഞമാസം 168 കോടി വിറ്റുവരവ് ലഭിച്ചതും 32 ലക്ഷം ജനങ്ങള്‍ സപ്ലൈകോയുടെ സേവനം ഉപയോഗിച്ചതും സപ്ലൈകോയെ ജനം തുടര്‍ന്നും ആശ്രയിക്കുന്നതിന്റെ ലക്ഷണമാണ്. ഈ മാസം ഇതുവരെ 21 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ വാങ്ങിയിട്ടുള്ളതെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
