BREAKING NEWS


നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ചകള്‍ക്ക് കൂടുതൽ സമയം തേടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

By sanjaynambiar
Untitled design 2025 07 23T110340.030

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിനുശേഷവും നിമിഷ പ്രിയയുടെ കുടുംബത്തിനാവശ്യമായ പിന്തുണയും സഹായവും സര്‍ക്കാര്‍ നൽകുന്നുണ്ടെന്നും സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് കേസിൽ ഇടപെടല്‍ നടത്തുന്നുണ്ടെന്നും രണ്‍ധീര്‍ ജയ്സ്വാൽ മാധ്യമങ്ങളോട് പറഞ്ഞു.

നിമിഷ പ്രിയയുടെ കുടുംബത്തിന് ആവശ്യമായ നിയമസഹായം നൽകുന്നുണ്ട്. അവരെ സഹായിക്കാൻ അഭിഭാഷകനെയും നിയമിച്ചിട്ടുണ്ട്. യെമനിലെ പ്രാദേശിക ഭരണകൂടവുമായും കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായും ബന്ധപ്പെടുന്നതിനും ചര്‍ച്ചകള്‍ തുടരുന്നതിനും കോണ്‍സുലേറ്റ് ഇടപെടലുകള്‍ തുടരുന്നുണ്ട്.

സെന്‍സിറ്റീവായ വിഷയമായതിനാൽ സാധ്യമായ എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ നൽകുന്നുണ്ട്. നിമിഷ പ്രിയയുടെ കുടുംബത്തിന് തലാലിന്‍റെ കുടുംബവുമായി സംസാരിക്കുന്നതിനും ഇക്കാര്യത്തിൽ ഇരുക്കൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാരം ഉണ്ടാകുന്നതിനും കൂടുതൽ സമയം ലഭിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇതിനുപുറമെ ഇന്ത്യയുമായി സൗഹാര്‍ദത്തിലുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായതെല്ലാം തുടര്‍ന്നും ചെയ്യുമെന്നും രണ്‍ധീര്‍ ജയ്സ്വാൽ പറഞ്ഞു.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസർക്കാർ. അത്തരം ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ റ​ദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകൻ കെ.എ. പോൾ അവകാശപ്പെട്ടിരുന്നു. കേസിൽ കൂടുതൽ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. അവകാശവാദം വ്യാജമെന്ന് യെമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമുവൽ ജെറോമും പറഞ്ഞിരുന്നു. നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന് അവകാശപ്പെട്ട് ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ ആണ് രംഗത്തെത്തിയിരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വീഡിയോയിലൂടെയാണ് ഡോ. പോൾ ഇക്കാര്യം പറഞ്ഞത്.

Tag: Release of Nimisha Priya; The Ministry of External Affairs said it was seeking more time for talks

Spread the love

Leave a Reply

Your email address will not be published. Required fields are marked *