കോഴിക്കോട്: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കോടതി അനുവദിച്ചത്. പൊന്നാമറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്. അഡ്വ. ജി. മനോഹർലാൽ മുഖേന നൽകിയ ഹർജിയാണ് കോടതി അനുവദിച്ചത്. ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയിൽ വിശദമാക്കിയിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ ഷാജുവും ജോളിയും പുനർവിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നൽകി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്.

