
കൊച്ചി: ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. അങ്കമാലി എസ്.എൻ.ഡി.പി. ജംഗ്ഷൻ ഭാഗത്ത് കുന്നപ്പിള്ളി വീട്ടിൽ ബിനോയിയെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
കാലടി നടുവട്ടം സ്വദേശിനിയിൽ നിന്നും എട്ട് ലക്ഷം രൂപയോളമാണ് ബിനോയി ഉൾപ്പെടുന്ന മൂന്നംഗ സംഘം തട്ടിയെടുത്തത്. ഇറ്റലിയിൽ ഹോം നേഴ്‌സായി ജോലി ശരിയാക്കി നൽകാം എന്ന വാഗ്ദാനം നൽകിയാണ് ഇയാൾ പണം കൈക്കലാക്കിയത്.
പണം നൽകിയിട്ടും ജോലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാതെ വന്നതോടെ യുവതി കാലടി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനോയിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പു സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.
